ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ പദ്ധതി (വിദൂര വിദ്യാഭ്യാസം)


സര്‍ക്കാര്‍ ആംഗികൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് ഒന്നാം ക്ലാസ്സ്‌ മുതല്‍ പഠനം നടത്തുന്നതിന് സ്കോളര്‍ഷിപ്പ്‌ നല്‍കുന്ന പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ശാരീരിക മാനസിക അവശതകള്‍ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠനം നടത്താനാവാതെ വിഷമിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരക്കാര്‍ക്ക് ഓപ്പണ്‍ യുണിവേര്‍സിറ്റി പ്രോഗ്രാം, പ്രൈവറ്റ് രജിസ്സ്ട്രെഷന്‍ എന്നിവ വഴി വീട്ടില്‍ തന്നെ ഇരുന്ന്‍ പഠിക്കുന്നതിന് സ്കോളര്‍ഷിപ്പ്‌ നല്‍കുന്ന ഒരു പദ്ധതി പ്രയോജനപ്രദമായിരിക്കും. അംഗപരിമിതര്‍ക്കിടയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഈ പദ്ധതി സഹായകമാവും.

മാനദണ്ഡം

(1) ഓപ്പണ്‍ യുണിവേര്‍സിറ്റി, പ്രൈവറ്റ് രജിസ്സ്ട്രെഷന്‍ എന്നിവ വഴി കേരളത്തിനകത്തെ യുണിവേര്‍സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത് ഡിഗ്രിക്കും, അതിനുമുകളിലും പഠിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
(2) വാര്‍ഷിക വരുമാനം 1,00,000/- രൂപയില്‍ കവിയാന്‍ പാടില്ല.
(3) ബന്ധപ്പെട്ട കോഴ്സിന്‍റെ കാലദൈര്‍ഘ്യത്തില്‍ മാത്രമേ ധനസഹായം അനുവധിക്കുകയുള്ളു.
(4) ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്നത്തിനാണ് സ്കോളര്‍ഷിപ്പ്‌ നല്‍കുക.
(5) ഓരോ വര്‍ഷവും കൃത്യമായി പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ക്ക് മാത്രമേ തുടര്‍ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു.

ധനസഹായം

രജിസ്സ്ട്രെഷന്‍ ഫീ, കോഴ്സ് ഫീ / ട്യുഷന്‍ ഫീ, പരീക്ഷാഫീസ്‌, പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, എന്നിവയ്ക്ക് ആവശ്യമായ തുകയാണ് സ്കോളര്‍ഷിപ്പായി അനുവദിക്കുക. ഇത് പരമാവധി 10,000/- രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

ധനസഹായം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍

. ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരു കോഴ്സിനുള്ള ധനസഹായം മാത്രമേ ലഭിക്കു.
. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മറ്റേതെങ്കിലും പദ്ധതിയില്‍ പെടുന്ന ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹതയില്ല.

ബന്ധപ്പെട്ട കോഴ്സിന്‍റെ കാലയളവില്‍ വിദ്യാര്‍ത്ഥിയുടെ പഠന നിലവാരത്തിന്‍റെ പുരോഗതി വിലയിരുത്തിയായിരിക്കും തുടര്‍വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പ്‌ അനുവദിക്കുക. കോഴ്സ് ഇടയ്ക്ക് വെച്ച് നിര്‍ത്തുകയാണെങ്കില്‍ ധനസഹായത്തിനുള്ള അര്‍ഹത നഷ്ടപ്പെടുന്നതായിരിക്കും. അപേക്ഷകര്‍ കൂടുതല്‍ ഉള്ളപക്ഷം ക്വാളിഫൈയിംഗ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നതിന് നിശ്ചിതമാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ അപേക്ഷയിന്മേല്‍ അന്വേഷണം നടത്തി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് സ്കോളര്‍ഷിപ്പ്‌ അനുവദിക്കാവുന്നതാണെങ്കില്‍ അപേക്ഷ ശുപാര്‍ശ ചെയ്ത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

അനുബന്ധ രേഖകള്‍

1. യുണിവേര്‍സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍.
2. രജിസ്സ്ട്രെഷന്‍ ഫീ, കോഴ്സ് ഫീ / ട്യുഷന്‍ ഫീ, പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, എന്നിവയ്ക്ക് ചെലവഴിച്ച തുക സംബന്ധിച്ച ബില്ലുകള്‍/ രസീതികല്‍ (ശിശുവികസന പദ്ധതി ഓഫീസര്‍ മേലൊപ്പ് വെച്ചത്.)
3. വൈകല്യം തെളിയിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്/ ഐഡെന്റ്റിറ്റി കാര്‍ഡ്‌.
4. വരുമാനം തെളിയിക്കുന്നതിന് റവന്യു അധികാരികളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്.
5. രണ്ടാം വര്‍ഷം മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ മുന്‍ വര്‍ഷത്തെ പരീക്ഷയ്ക് ഹാജരായതിനുള്ള രേഖ ഹാജരാക്കണം.

കോഴ്സിന് രജിസ്റ്റര്‍ ചെയ്ത് 3 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Scholarship for Disabled students pursuing Degree, PG courses (Open University, Private Registration, Distance Education)
Application Forms Scholarship for Disabled students pursuing Degree, PG courses (Open University, Private Registration, Distance Education)