ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്കുള്ള പദ്ധതി


ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടു വരുകയെന്നത് സാമൂഹ്യനീതി വകുപ്പിന്റെ സുപ്രധാന പ്രവർത്തന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഭിന്നശേഷിക്കാരുൾപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പു വരുത്തി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സുരക്ഷയും അവകാശ സംരക്ഷണവും നിയമ പരിരക്ഷയും ഉറപ്പാക്കുന്നതിനായി വിവിധ പദ്ധതികളും സേവനങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി The Rights of Persons with Disabilities Act 2016 Chapter V Sec (29), വിനോദപരവുമായ അവകാശ സംരക്ഷണത്തെക്കുറിച്ചും Sec (30) പ്രകാരം കായിക അവകാശ സംരക്ഷണത്തെക്കുറിച്ചും നിഷ്കർഷിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ കലാ-കായിക രംഗങ്ങളിലെ തുല്യത ഉറപ്പു വരുത്തുന്നതിനായി ഈ മേഖലകളിൽ പങ്കെടുക്കുന്ന/മികവു പുലർത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അവരുടെ കഴിവ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തെ / രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നൽകുന്നതിനായി ശ്രേഷ്ഠം പദ്ധതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നുണ്ട്.

എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കൽ, യാത്ര, ഭക്ഷണം, താമസ സൗകര്യം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി ആവശ്യമായ സാമ്പത്തിക പിന്തുണയുടെ അഭാവം അവരുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഈ മേഖലകളിൽ പങ്കെടുക്കുന്ന/ മികവു പുലർത്തുന്ന ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്ക് അവരുടെ കഴിവ്/കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വകുപ്പ് മുഖേന സാമ്പത്തിക സഹായം അനുവദിക്കുന്നു. ഇതിലൂടെ പ്രഗത്ഭരായ ഭിന്നശേഷി കായിക താരങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഇവരുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന തലത്തിലുള്ള പ്രകടന മികവ് കൈവരിയ്ക്കുന്നതിന് അവരെ സജ്ജരാക്കുന്നതിനും സംസ്ഥാന/ ദേശീയ/ അന്തർ ദേശീയ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിയ്ക്കുന്നതിന് പ്രാപ്തരാക്കുന്നതിനും സാധിയ്ക്കുന്നു.

പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ:

1)    കായിക രംഗത്ത് ഭിന്നശേഷിയുള്ള വ്യക്തികൾക്കും മറ്റുള്ളവർക്കൊപ്പം സമാനമായി പങ്കാളികളാകുന്നതിനുള്ള അവസരങ്ങൾ ഉറപ്പാക്കുക.

2) ഭിന്നശേഷിയുള്ള വ്യക്തികളുടെ കായിക കഴിവുകൾ തിരിച്ചറിഞ്ഞ് സംസ്ഥാന/ ദേശീയ/ അന്തർദേശീയ തലങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുക.

3)   കായിക മത്സരങ്ങളിൽ പങ്കാളികളാകുന്നതിലൂടെ ഭിന്നശേഷിക്കാരയ വ്യക്തികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക.

4)   കായിക പരിപാടികൾ വഴി ഭിന്നശേഷിയുള്ള വ്യക്തികളുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക.

5)   കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് യാത്ര, ഭക്ഷണം, താമസ സൗകര്യങ്ങൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്ക് സഹായം ഉറപ്പാക്കുക.

6)   കായിക വിജയങ്ങൾക്കു പിറകെ സാമൂഹ്യ അംഗീകാരവും സ്വയംപര്യാപ്തതയും വളർത്തുക.

7)   ഭിന്നശേഷിയുള്ളവരുടെ കായിക പങ്കാളിത്തത്തെ കുറിച്ച് സമൂഹത്തിൽ ബോധം വളർത്തുകയും അംഗീകാരം വർദ്ധിപ്പിക്കുകയും ചെയ്യുക.

സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള ധനസഹായം

സംസ്ഥാന തലത്തിൽ സർക്കാർ, സർക്കാർ ഏജൻസികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മത്സരങ്ങൾ, കേരള സ്പോർട്‌സ് കൗൺസിൽ, യുവജന ക്ഷേമ ബോർഡ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മത്സരങ്ങൾ, മറ്റ് സർക്കാർ/ സർക്കാർ അംഗീകൃത ഏജൻസികൾ നടത്തുന്ന കായിക മത്സരങ്ങൾ, സംസ്ഥാന പാരാ അത് ലറ്റിക് മീറ്റ് തുടങ്ങിയവയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്ക് (അവരെ അനുഗമിയ്ക്കുന്ന ഒരു വ്യക്തിയുടെ ചെലവ് ഉൾപ്പെടെ) യാത്രാചെലവ്, ഭക്ഷണം, താമസം, മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചെലവ്, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി ചെലവായ തുകയുടെ അസ്സൽ ബില്ലുകൾ/ വൗച്ചറുകൾ പരിശോധിച്ച് പരമാവധി 25,000/- രൂപ വരെ അനുവദിക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷം പരമാവധി 25 പേർക്ക് ധനസഹായം

ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള ധനസഹായം

ദേശീയതലങ്ങളിൽ സർക്കാർ, മറ്റ് അംഗീകൃത ഏജൻസികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കായിക മത്സരങ്ങൾ, ഖേലോ ഇന്ത്യ ഗെയിംസ്, നാഷണൽ പാരാ ഗെയിംസ്, നാഷണൽ സ്കൂൾ ഗെയിംസ് എന്നീ കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്ക് (അവരെ അനുഗമിയ്ക്കുന്ന ഒരു വ്യക്തിയുടെ ചെലവ് ഉൾപ്പെടെ) യാത്രാചെലവ്, ഭക്ഷണം, താമസം, മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചെലവ്, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി ചെലവായ തുകയുടെ അസ്സൽ ബില്ലുകൾ/ വൗച്ചറുകൾ പരിശോധിച്ച് പരമാവധി 50,000/- രൂപ വരെ അനുവദിക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷം പരമാവധി 25 പേർക്ക് ധനസഹായം അനുവദിക്കാവുന്നതാണ്.

അന്തർദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള ധനസഹായം

അന്തർദേശീയ തലങ്ങളിൽ സർക്കാർ, മറ്റ് അംഗീകൃത ഏജൻസികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മത്സരങ്ങൾ, പാരാലിമ്പിക്സ്, ഏഷ്യൻ പാരാ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, സ്പെഷ്യൽ ഗെയിംസ് എന്നീ കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്ക് (അവരെ അനുഗമിയ്ക്കുന്ന ഒരു വ്യക്തിയുടെ ചെലവ് ഉൾപ്പെടെ) യാത്രാചെലവ്, ഭക്ഷണം, താമസം, മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചെലവ്, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി ചെലവായ തുകയുടെ അസ്സൽ ബില്ലുകൾ/ വൗച്ചറുകൾ പരിശോധിച്ച് പരമാവധി 1,00,000/- രൂപ വരെ അനുവദിക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷം പരമാവധി 5 പേർക്ക് ധനസഹായം അനുവദിക്കാവുന്നതാണ്.

നിബന്ധനകൾ

a) അപേക്ഷകൻ RPwD ആക്ട്, 2016 പ്രകാരമുള്ള ബഞ്ച്‌മാർക്ക് ഭിന്നശേഷി (40% അല്ലെങ്കിൽ അതിലധികം) ഉള്ള വ്യക്തിയായിരിക്കണം.

b) കേരള സ്പോർട്‌സ് കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത സ്പോർട്‌സ് വിഭാഗങ്ങൾ ഒളിമ്പിക്സ് ,ഏഷ്യൻ ഗെയിംസ്, ദേശീയ ഗെയിംസ്,പാരാലിമ്പിക്സ് എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ള കായിക ഇനങ്ങൾക്ക് മാത്രമാണ് പരിഗണന നൽകുന്നത് 

c) മത്സരത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷിയുള്ള വ്യക്തിക്ക് പുറമെ ടി യാളെ അനുഗമിയ്ക്കുന്ന ഒരു വ്യക്തിയുടെ ചെലവുകൾക്കായി കൂടി മാത്രമേ ധനസഹായം അനുവദിക്കുന്നതാണ്

d) ഒരു സാമ്പത്തിക വർഷം ഇതേ ആവശ്യത്തിന് മറ്റ് വകുപ്പുകളിൽ നിന്ന് ധനസഹായം ലഭ്യമായിട്ടുള്ള ഭിന്നശേഷി കായിക താരങ്ങൾക്ക് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം അനുവദിക്കുന്നതിന് അർഹതയുണ്ടായിരിക്കില്ല.

e)  ഒരു സാമ്പത്തിക വർഷം ഒരു വ്യക്തിയ്ക്ക് ഒരു കാറ്റഗറിയിൽ ഒറ്റ തവണ മാത്രമേ ധനസഹായത്തിന് അർഹത ഉണ്ടാവൂ.

അപേക്ഷ സമര്‍പ്പണം

ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ, സമൂഹ്യനീതി വകുപ്പു ഡയറക്ടർക്കു നൽകേണ്ടതാണ്. 
 

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Financial assistance for PwD sports personnel
Application Forms Financial assistance for PwD sports personnel