ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ /താമസ സൗകര്യം കണ്ടെത്തുന്നതിന് ധനസഹായ പദ്ധതി


സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമം മുന്‍നിര്‍ത്തി നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്, പഠനോപകരണങ്ങള്‍ എന്നിവയ്ക്കായി സ്കോളര്‍ഷിപ്പിനത്തില്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവാകുകയും അതിന്‍ പ്രകാരം 7 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/- രൂപ ക്രമത്തിലും +1, +2 തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 1500/- രൂപ ക്രമത്തിലും ഡിഗ്രി/പി.ജി. തലത്തിലുള്ളവര്‍ക്ക് 2000/- രൂപ ക്രമത്തിലും നിലവില്‍ തുക അനുവദിച്ചു വരുന്നുണ്ട്. എന്നാല്‍ വിവിധ സാമൂഹിക കാരണങ്ങളാല്‍ ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതായി കാണുന്നു. കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെട്ട് വീടിനു പുറത്തു പോകേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നതിനായി അനുയോജ്യമായ താമസ സൗകര്യം കണ്ടെത്താന്‍ കഴിയാതെ വരികയും പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നതായി കാണുന്നു. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍/കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നും ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി അവരുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനും പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്. ഇതിലേയ്ക്കായി വീടുകളില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ലഭ്യമാക്കേണ്ടതുണ്ട്. നിലവിലെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തിലും നിലനില്‍ക്കുന്ന വില സൂചികയുടെ അടിസ്ഥാനത്തിലും ഒരു വിദ്യാര്‍ത്ഥിക്ക് പ്രതിമാസം 4000/- രൂപ ഹോസ്റ്റല്‍ സൗകര്യം/താമസ സൗകര്യം ലഭ്യമാക്കുന്നതിന് അനിവാര്യമാണെന്ന് കാണുന്നു.

അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയും മാനദണ്ഡങ്ങളും
1. സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ്/സെല്‍ഫ് ഫിനാന്‍സസ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
2. നിശ്ചിത അപേക്ഷാ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. (വിദ്യാഭ്യാസ സ്ഥാപനം, ജില്ലാ ജസ്റ്റിസ് ബോര്‍ഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, കെട്ടിടം ഉടമ എന്നിവരുടെ സാക്ഷ്യപത്രങ്ങള്‍).
3. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷം പരിഗണനാര്‍ഹരായവര്‍ക്ക്
കോഴ്സിന്റെ കാലയളവില്‍ പ്രതിമാസം 4000/- രൂപ ക്രമത്തില്‍ തുക അനുവദിക്കുന്നതാണ്.
4. പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ അക്കാഡമിക് ഇയറിലും പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
5. പ്രതിമാസം അനുവദിക്കപ്പെടുന്ന തുക വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്ത് നല്‍കുന്നതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

Application Forms Financial Aid for providing hostel facility to Transgenders