പട്ടികജാതി / പട്ടികവര്‍ഗ്ഗം ഒഴികെ മിശ്രവിവാഹം ചെയ്തത് മൂലം സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. പദ്ധതി മുഖേന അനുവദിക്കുന്ന സാമ്പത്തിക ധനസഹായം 30,000/- രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മിശ്രവിവാഹിതര്‍ക്ക് നല്‍കിവരുന്ന ധനസഹായം പഞ്ചായത്തിരാജ് സംവിധാനം നിലവില്‍വന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്തിനും, മുന്‍സിപ്പാലിറ്റികള്‍ക്കും, കോര്‍പ്പറേഷനുകള്‍ക്കുമായി കൈമാറ്റം ചെയ്തിട്ടുള്ളതാകുന്നു.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
1. വരുമാന സര്‍ട്ടിഫിക്കറ്റ്- അസ്സല്‍ (ദമ്പതിമാര്‍ സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെയോ, ജന്മസ്ഥലത്തെയോ വില്ലേജ് ഓഫീസര്‍ നല്‍കുന്നത്)
2. മിശ്രവിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് സബ് രജിസ്സ്ട്രാര്‍ ഓഫീസില്‍ നിന്ന് നല്‍കിയതോ, പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കിയതോ, ഗവണ്‍മെന്‍റ് അംഗീകാരമുള്ള മിശ്രവിവാഹ സംഘങ്ങള്‍ നല്‍കിയതോ, പള്ളികളിലേയോ, അമ്പലങ്ങളിലേയോ വികാരി/ മാനേജര്‍/ ശ്രീകാര്യമോ നല്‍കിയതോ, എന്‍.എസ്.എസ് അല്ലെങ്കില്‍ എസ്.എന്‍.ഡി.പി മുതലായ സംഘടനകള്‍ നല്‍കിയതോ ആയിരിക്കണം.
3. ദമ്പതിമാരുടെ ജാതി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്.
4. ദമ്പതിമാര്‍ കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഒരുമിച്ചു കഴിഞ്ഞു വരികയാണെന്ന്‍ തെളിയിക്കുന്നതിന് ഏതെങ്കിലും ഗസറ്റഡ് ഉദ്യോഗസ്ഥനോ, എം.എല്‍.എ യോ, എം.പി യോ നല്‍കിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്.
അര്‍ഹമായ അപേക്ഷകള്‍ തെരഞ്ഞെടുക്കുന്നതിന് പാലിക്കേണ്ട വ്യവസ്ഥകള്‍
1. ദമ്പതിമാരുടെ വാര്‍ഷിക വരുമാന പരിധി 1,00,000/- രൂപയാണ്.
2. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളു.
3. ദമ്പതികള്‍ക്ക് ധനസഹായത്തിന് ഒരു തവണ മാത്രമേ അര്‍ഹതയുള്ളു.
4. ധനസഹായമായി നല്‍കുന്നതുക വ്യവസായം ആരംഭിക്കാന്‍, സ്ഥലംവാങ്ങല്‍, ഭവന നിര്‍മ്മാണം തുടങ്ങിയ മൂലധനനിക്ഷേപങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കെണ്ടതാണ്.
5. ധനസഹായം നല്‍കുന്നതുക മേല്‍പ്പറഞ്ഞ രീതിയില്‍ വിനിയോഗിക്കുന്നതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കേണ്ടതാണ്.
6. ധനസഹായം ലഭ്യമാകുമ്പോള്‍ ദമ്പതിമാര്‍ കൂട്ടായി നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള ഒരു എഗ്രിമെന്‍റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടതാണ്.
7. ദമ്പതികള്‍ യഥാസമയം തുക നിയമാനുസരണം വിനിയോഗിക്കാതെ വന്നാല്‍ തുക ദമ്പതികളില്‍ നിന്നോ ജാമ്യക്കാരില്‍ നിന്നോ റവന്യു റിക്കവറി പ്രകാരം ഈടാക്കേണ്ടതാണ്.
8. അപേക്ഷ വിവാഹത്തിനുശേഷം ഒരു വര്‍ഷത്തിനുശേഷം രണ്ട് വര്‍ഷത്തിനകം സമര്‍പ്പിച്ചിട്ടുള്ളതാകണം.
കാലപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ പരിഗണിക്കേണ്ടതില്ല. എന്നാല്‍ 1 വര്‍ഷത്തെ കാലതാമസം മാപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശമുള്ളതിനാല്‍ കാലതാമസം മാപ്പാക്കി കിട്ടുവാനുള്ള അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പരിഗണിക്കേണ്ടതും, റിപ്പോര്‍ട്ട് സഹിതം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നല്‍കേണ്ടതുമാണ്. മൂന്ന്‍ വര്‍ഷത്തിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല.
നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ മിശ്രവിവാഹ ദമ്പതികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.