ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നത്. “മഴവില്ല്“ സമഗ്ര പദ്ധതിയിലൂടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഇതിനോടകം വകുപ്പിന് സാധിച്ചിട്ടുണ്ട്. കോളേജുകളില്‍ പോകാന്‍ കഴിയാതെ വിദൂര വിദ്യാഭ്യാസ സംവിധാനത്തില്‍ കൂടി സംസ്ഥാനത്ത് ഡിഗ്രീ/ പി ജി തുടങ്ങിയ ഉന്നത കോഴ്സുകളില്‍ നിരവധി ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.രജിസ്ട്രേഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, പരീക്ഷ ഫീസ്, പഠന കാലയളവില്‍ അസ്സൈന്മെന്റ്, പ്രൊജക്റ്റ് തുടങ്ങിയവ തയ്യാറാക്കുന്നതിന്, പഠന സാമഗ്രിഹികള്‍ വാങ്ങുന്നതിന് കോണ്ടാക്ട് ക്ലാസുകള്‍ പരീക്ഷകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനുമായി ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാലയളവില്‍ ഒരു നിശ്ചിത തുക ചെലവാകുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് വരുമാനങ്ങളില്ലത്തതിനാലും സാമൂഹ്യ നീതി വകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍പ്പെടാത്തതിനാലും ഇങ്ങനെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 24000/- (ഇരുപത്തി നാലായിരം)രൂപ നിരക്കില്‍ പി ജി വിദ്യാര്‍ഥികള്‍ക്ക് 2 വര്‍ഷ കാലയളവിലേയ്ക്കും യു.ജി വിദ്യാര്‍ഥികള്‍ക്ക് 3 വര്‍ഷ കാലയളവിലേയ്ക്കും തുക അനുവദിക്കാവുന്നതാണ്.
ഉദ്ദേശലക്ഷ്യങ്ങള്‍
a) ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികളില്‍ കൂടുതല്‍പേരും വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ്. ഇവര്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. ആയതിനാല്‍ വിദൂര വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം ഒരു നിശ്ചിത തുക വകുപ്പ് നല്‍കുന്നത് അവരുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനു സഹായകമാണ്.
b) കോളേജുകളില്‍ നേരിട്ട് പോയി പഠിക്കാന്‍ സാധിക്കാത്ത (പ്രായം,സാമ്പത്തിക ബുദ്ധിമുട്ട്,കുടുംബ പശ്ചാത്തലം തുടങ്ങിയ കാരണങ്ങളാല്‍ ബുദ്ധിമുട്ടുന്ന) ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് വിദൂര വിദ്യാഭ്യാസ സഹായം ലഭിക്കുന്നതിനാല്‍ അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കോഴ്‌സുകള്‍ ചെയ്യുന്നതിന് സാധിക്കുന്നു.
c) യോഗ്യതയുള്ളവരും സന്നദ്ധരുമായ എല്ലാ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഉന്നത വിദ്യാഭ്യാസം നേടാനും, അവരുടെ ഇപ്പോഴത്തെ തൊഴില്‍ മേഖലയില്‍ തടസ്സം സൃഷ്ടിക്കാതെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുന്നു
മേല്‍ സാഹചര്യത്തിലൂടെ മികച്ച അവസരങ്ങള്‍ നേടിയെടുക്കുന്നതിന് ഈ വിഭാഗം മനുഷ്യരെ പ്രാപ്തരാക്കുന്നതിന്.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
1) അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിച്ചിരിക്കണം.അപേക്ഷയിലെ ഒരു കോളവും പൂരിപ്പിക്കാതിരിക്കാന്‍ പാടുള്ളതല്ല.
2) അപേക്ഷയില്‍ യൂണിവേഴ്സിറ്റി/സ്റ്റഡി സെന്ററിന്റെ പേരും സ്വഭാവവും പൂര്‍ണ്ണമായും നല്‍കിയിരിക്കണം.
3) അപേക്ഷകന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് /ട്രാന്‍സ്ജെന്‍ഡര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
4) മേല്‍വിലാസം തെളിയിക്കുന്ന രേഖ ഹാജരാക്കണം (ആധാര്‍/ വോട്ടേഴ്സ് ഐ.ഡി)
5) മുന്‍ സെമസ്റ്ററില്‍ പരീക്ഷ എഴുതിയതിന്റെ ഹാള്‍ടിക്കറ്റ് ഹാജരാക്കണം.
6) ഓപ്പണ്‍ യൂണിവേഴ്സിറ്റി,ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ അല്ലെങ്കില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്നിവയില്‍ ഡിഗ്രീ/ പി.ജി ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
7) രജിസ്ട്രേഷന്‍ ഫീസ്,ട്യുഷന്‍ ഫീസ്, പരീക്ഷ ഫീസ്, പഠന സാമഗ്രികള്‍ എന്നിവയ്ക്കായി ചെലവാക്കിയ ബില്ലുകള്‍/ വൗച്ചറുകള്‍ എന്നിവ അതാത് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
8) അപേക്ഷ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ടാർജെറ്റ് ഗ്രൂപ്പ്
ട്രാന്‍സ് ജെന്‍ഡര്‍ |
പ്രമാണങ്ങൾ
GOs | Varnam -Financial aid for TG students pursuing distance education |
---|---|
Application Forms | Varnam -Financial aid for TG students pursuing distance education |