പ്രത്യാശ പദ്ധതി


സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ആകെ 31 പുനരധിവാസ സ്ഥാപനങ്ങള്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.  കൂടാതെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏകദേശം 239 സര്‍ക്കാരിതര പുനരധിവാസ സ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്.  അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ ആയിട്ടുള്ള കുട്ടികള്‍, വയോജനങ്ങള്‍, അഗതികള്‍, ശാരീരിക/മാനസിക വൈകല്യമുള്ളവര്‍, മനോ ദൗര്‍ബല്യമുള്ളവര്‍ എന്നിങ്ങനെ നിരവധി പരിഗണനയര്‍ഹിക്കുന്ന ജനവിഭാഗങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്നു.   ടി സ്ഥാപനങ്ങളില്‍ OCBയുടെ രജിസ്ട്രേഷനോടുകൂടി സാമൂഹ്യനീതി വകുപ്പില്‍ നിന്നും ഗ്രാന്റ് കൈപ്പറ്റുന്ന 120ഓളം Psychosocial Rehabilitation Centre-ലും വകുപ്പിന്റെ 31 ക്ഷേമ സ്ഥാപനങ്ങളിലും അന്യ സംസ്ഥാനക്കാരായ താമസക്കാരുമുണ്ട്. അത്തരത്തിലുള്ള വ്യക്തികളെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുകയോ അവരുടെ കുടുംബാംഗങ്ങളുമായോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണ്.  നിലവില്‍ സ്ഥാപന സൂപ്രണ്ടിന്റെയോ സന്നദ്ധരായ വ്യക്തികളുടെയോ സഹകരണത്താല്‍ അന്യ സംസ്ഥാനക്കാരായവരെ സ്വന്തം സംസ്ഥാനത്ത് എത്തിയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായാണ്  നടപടി സ്വീകരിക്കുന്നത്. ഈ മേഖലയില്‍ പരിജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് ‘പ്രത്യാശ’.

ഉദ്ദേശ ലക്ഷ്യങ്ങള്‍:

(1) സാഹചര്യങ്ങളാല്‍ സ്വന്തം സംസ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടി വന്നവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് ജീവിക്കാനുള്ളതോ, സ്വന്തം ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ ജീവിക്കാനുള്ളതോ ആയ സാഹചര്യം ഉണ്ടാക്കുക.

(2) സ്ഥാപനത്തിലെ താമസക്കാര്‍ക്ക് കുടുംബ ജീവിത സാഹചര്യം സാധ്യമാക്കുക.

(3) അര്‍ഹരായ മറ്റ് താമസക്കാര്‍ക്ക് പുനരധിവാസ സ്ഥാപനത്തില്‍ പ്രവേശനം സാധ്യമാക്കുക.

(4) പുനരധിവാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുക.

പദ്ധതി നിര്‍വ്വഹണം:

(a) തത്പരരായ NGOകളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണല്‍ തലത്തില്‍ ഒന്നോ ഒന്നില്‍ക്കൂടുതലോ NGO മുഖേന പദ്ധതി നടപ്പാക്കാവുന്നതാണ്.

(b) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകള്‍ തിരുവനന്തപുരം റീജിയണിന് കീഴിലും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ എറണാകുളം റീജിയണിന് കീഴിലും, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കോഴിക്കോട് റീജിയണിന് കീഴിലും ഉള്‍പ്പെടുത്താവുന്നതാണ്.

(c) ആദ്യ ഘട്ടത്തില്‍ ആകെ 100 പേര്‍ക്കുള്ള ബഡ്ജറ്റ് തയ്യാറാക്കി പ്രോജക്ട് നടപ്പാക്കാവുന്നതാണ്.

(d) ഓരോ പുനരധിവാസ സ്ഥാപനത്തിലെയും അന്യ സംസ്ഥാനക്കാരായവരുടെ വിവരങ്ങള്‍ ശേഖരിച്ച് റീജിയണല്‍ തലത്തില്‍ തരം തിരിച്ച് ബന്ധപ്പെട്ട NGOയ്ക്ക് കൈമാറാവുന്നതാണ്.

(e) ബന്ധപ്പെട്ട NGO സോഷ്യല്‍ വര്‍ക്കറുടെയും ഭാഷാ സഹായിയുടെയും സഹായത്താല്‍ ടി വ്യക്തികളുടെ സ്വന്തം സംസ്ഥാനം/ദേശം കണ്ടെത്തുകയും ടി സംസ്ഥാനത്തെ ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുമായി ചര്‍ച്ച ചെയ്ത് വ്യക്തിയെ അവരുടെ ബന്ധുക്കളോ മറ്റ് സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളിലോ സ്വീകരിക്കുന്നതിനുള്ള സമ്മത പത്രം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

(f) അപ്രകാരം ലഭിക്കുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജില്ലാ തല കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയും ജില്ലാ കളക്ടര്‍ തലത്തില്‍ വ്യക്തിയെ കൈമാറുന്നതിനുള്ള അനുമതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്.  ഒരു വ്യക്തിയെ അവരവരുടെ സംസ്ഥാനത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതിന്  ആവശ്യമായി വരുന്ന തുകയും ജില്ലാതല കമ്മിറ്റി ശുപാര്‍ശ ചെയ്യേണ്ടതാണ്.

(g) ടി ഉത്തരവ് സംസ്ഥാന കമ്മിറ്റിയ്ക്ക് ലഭ്യമാക്കുകയും സംസ്ഥാന കമ്മിറ്റി അടിയന്തിര യോഗം കൂടി അന്തര്‍ സംസ്ഥാന കൈമാറ്റത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട സംസ്ഥാനത്തെ സാമൂഹ്യനീതി വകുപ്പ് മേധാവിയെ രേഖാമൂലം അറിയിക്കുകയും ചെയ്യുന്നതാണ്.

(h) ടി ഉത്തരവ് സഹിതം വ്യക്തിയെ കൈമാറുന്നതിനുള്ള നടപടി NGO തലത്തില്‍ സ്വീകരിക്കുന്നതാണ്.

(i) പദ്ധതി നടപ്പാക്കല്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിനും ജില്ലാ തലത്തിലും, അന്യ സംസ്ഥാന മേധാവികളുമായി നടത്തിയിട്ടുള്ള  കത്തിടപാടുകള്‍ വിലയിരുത്തുന്നതിനുമായി സംസ്ഥാന തലത്തിലും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.  കമ്മിറ്റിയില്‍ ചുവടെ ചേര്‍ത്തിട്ടുള്ളവരെ ഉള്‍പ്പെടുത്താവുന്നതാണ്.

ജില്ലാ തല കമ്മിറ്റി:

1. ജില്ലാ കളക്ടര്‍ ചെയര്‍മാന്‍
2. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനര്‍
3. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ മെമ്പര്‍
4. ബന്ധപ്പെട്ട സ്ഥാപന സൂപ്രണ്ടുമാര്‍ മെമ്പര്‍
5. DLSA പ്രതിനിധി മെമ്പര്‍
6. ആരോഗ്യ വകുപ്പ് പ്രതിനിധി മെമ്പര്‍
7. പോലീസ് വകുപ്പ് പ്രതിനിധി മെമ്പര്‍
8. തെരഞ്ഞെടുക്കപ്പെടുന്ന NGO പ്രതിനിധി മെമ്പര്‍
9. OCB-യുടെ ജില്ലാതല പ്രതിനിധി മെമ്പര്‍
10. റയില്‍വേ പ്രതിനിധി മെമ്പര്‍

 

സംസ്ഥാനതല കമ്മിറ്റി:

(1) സാമൂഹ്യനീതി ഡയറക്ടര്‍

(2) OCB മെമ്പര്‍ സെക്രട്ടറി

(3) പോലീസ് വകുപ്പ് പ്രതിനിധി

(4) മാനസികരോഗ മേഖലാ വിദഗ്ധന്‍

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Prathyasha scheme for repatriation of other state residents in PRCs
SOP/Protocol Prathyasha scheme- Standard Operating Procedure